യേശുക്രിസ്തുവിനെ രക്ഷകനും നാഥനും ദൈവവുമായി വിശ്വസിച്ച് അംഗീകരിക്കുന്ന എല്ലാ ക്രൈസ്തവരുടേയും കൂട്ടായ്മയാണ് ക്രിസ്ത്യന്‍
മൂവ്‌മെന്റ് ഓഫ് ഇന്ത്യ വിഭാവനം ചെയ്യുന്നത്.
ദൈവരാജ്യം നല്‍കുന്ന ആധ്യാത്മിക സുരക്ഷയും ക്യപയും ക്രിസ്‌ത്വോന്‍മുഖമായ ജീവിതസാക്ഷ്യത്തിലൂടെ നേടിയെടുക്കുവാനും രാജ്യം
നല്‍കുന്ന ഭൗതികസംരക്ഷണം നൈതിക മൂല്യങ്ങളുടേയും, സാമൂഹ്യനീതിയുടെയും അടിസ്ഥാനത്തില്‍ ലഭ്യമാക്കാനും വിശ്വാസിസമൂഹത്തെ
പ്രാപ്തരാക്കുക എന്ന വലിയ ചുമതല സി.എം.ഐ ഏറ്റെടുക്കുന്നു.
ജന്മംകൊണ്ടും സനാതന ധര്‍മം കൊണ്ടും ഭാരതീയരും വിശ്വാസം കൊണ്ട് ക്രൈസ്തവരും ദേശീയതലത്തില്‍ മഹാന്യൂനപക്ഷവുമായ ജനതയ്ക്ക് അന്തസ്സോടും അഭിമാനത്തോടും ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളും പൗരാവകാശങ്ങളുമായി നാട്ടില്‍ ജീവിക്കാന്‍ അവസരം ഒരുക്കുവാന്‍ സി.എം.ഐ പ്രതിജ്ഞാബദ്ധമാണ്.
ദേശീയ ജനസംഖ്യയുടെ 2%ശതമാനത്തില്‍ താഴെ മാത്രമുള്ള ക്രൈസ്തവര്‍ രാജ്യത്തുടനീളം പല അവകാശ നിഷേധങ്ങളും
അനുഭവിച്ചുകൊണ്ടിരിക്കുന്നു. അര്‍ഹിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയെന്നു പോലും വ്യക്തതയില്ലാത്ത
ദുരവസ്ഥയിലുമാണ് ക്രൈസ്തവസമൂഹം. ജാതീയമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യം ക്രിസ്തുമതം സ്വീകരിച്ചെന്ന ഏക കാരണത്താല്‍
ദളിതനു കിട്ടാക്കനിയാണിപ്പോഴും.
സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍, കാര്‍ഷിക, രാഷ്ട്രീയ മേഖലകളില്‍ കേരളത്തിലെ ഭൂരിപക്ഷം ക്രൈസ്തവര്‍ക്കും യാതൊരുവിധ സംവരണ
ആനുകുല്യവും ലഭിക്കുന്നില്ല. ക്രിസ്ത്യാനിയെ എന്തുകൊണ്ട് സംവരണ ആനുകൂല്യങ്ങള്‍ക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നു?
ഇന്ത്യയുടെ ന്യൂനപക്ഷമായ ക്രിസ്തുമത വിശ്വാസി സമൂഹം ജനസംഖ്യയുടെ കാര്യത്തിലും പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുന്നു.
കേരളത്തിലാകട്ടെ സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍, ഉദ്യോഗസ്ഥ മേഖലകളില്‍ മുന്നിട്ട് നിന്നിരുന്ന ക്രൈസ്തവര്‍ മേല്‍പറഞ്ഞ
ഇടങ്ങളില്‍ നിന്നും ഏറെ പിന്നോക്കം പോയി കഴിഞ്ഞു. ഇതര ന്യൂനപക്ഷങ്ങളെ കൗശലത്തോടെ ഒഴിവാക്കി ഒ.ബി.സി. സംവരണം
തരപ്പെടുത്തിയെടുത്ത് ന്യുനപക്ഷാനുകൂല്യങ്ങൾ ചില സമുദായങ്ങള്‍ സ്വന്തമായി കയ്യില്‍ വച്ചിരിക്കുന്നതുമൂലം ക്രൈസ്തവര്‍
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ അവസരം ഇല്ലാത്തതിനാല്‍
ക്രൈസ്തവ യുവാക്കള്‍ തൊഴില്‍ അന്വേഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.
മത്സരപരീക്ഷകളിലേക്കുള്ള നൈപുണ്യ വികാസം സാധ്യമാക്കാന്‍ ഒ.ബി.സി സംവരണം ലഭിക്കുന്ന ന്യൂനപക്ഷക്കാര്‍ക്കായി സര്‍ക്കാര്‍
ധനസഹായത്തോടെ നടത്തുന്ന പരിശീലന കോഴ്‌സുകളുടെ നടത്തിപ്പിനുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും തെരഞ്ഞെടുപ്പിലും നഗ്‌നമായ
നീതി നിഷേധം അരങ്ങേറുന്നു.
സംവരണാടിസ്ഥാനത്തില്‍ പി.എസ്.സി തയ്യാറാക്കുന്ന നിയമന ലിസ്റ്റുകളില്‍ നൂറു ശതമാനം ക്യത്യതയോടെ അര്‍ഹമായ ആനുകുല്യം
ഉറപ്പാക്കാന്‍ ഒ.ബി.സി വിഭാഗം ക്രൈസ്തവര്‍ക്കു പോലും കഴിയാതെ വരുന്നു. നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനാല്‍
ന്യൂനപക്ഷങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന വിവിധ ധനസഹായങ്ങളും ഗണ്യമായി നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.
സാമുദായികമായ ഇത്തരം അസന്തുലിതാവസ്ഥകളും നീതിനിഷേധവും ഭരണതലത്തില്‍ വര്‍ഗീയമായ വിവേചനം തുടരുന്നതിനും ഭാവിയില്‍ വലിയ
പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന കാര്യം ഉറപ്പ്. ക്രൈസ്തവര്‍ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനറിയാത്തത് സ്വയം വിനയായി
മാറുന്നു. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന രാജ്യസ്‌നേഹികളായ ക്രൈസ്തവർ, സ്വസമുദായക്കാര്‍ക്കു മാത്രമല്ല
യോഗ്യരായ ആര്‍ക്കും വോട്ടു ചെയ്യാന്‍ എന്നും സന്നദ്ധത കാണിച്ചു പോന്ന ചരിത്രമാണുള്ളത്. ഈ ഗുണങ്ങളല്ലേ മുഖ്യധാരയില്‍ നിന്നും
നാം പിന്നോട്ടു പോകാനും അര്‍ഹതപ്പെട്ടത് നേടിയെടുക്കാതെ നഷ്ടങ്ങള്‍ക്കു നിരന്തരം വിധേയരാകാനും കാരണമായത് ?
ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി ഒന്നിച്ചു നില്‍ക്കാനും വിലപേശാനും യഥാവിധി പ്രതികരിക്കാനും
പ്രതിഷേധിക്കാനും ഇനിയും കഴിയുന്നില്ലെങ്കില്‍ നിലനില്‍പ്പ് ഏറ്റവും അപകടത്തിലാകുമെന്ന് സര്‍ക്കാരും മുന്നണി
രാഷ്ട്രീയക്കാരും നമുക്ക് ആവര്‍ത്തിച്ചു മനസ്സിലാക്കി തരുന്നുണ്ട്.
സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ ക്രൈസ്തവസഹോദരങ്ങള്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍
നമ്മുടെ കൂട്ടായ്മ പദ്ധതികള്‍ രൂപികരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ വിശകലന വിധേയമാക്കിയാണ് എല്ലാ
ക്രിസ്തീയ സഭാ പ്രതിനിധികളേയും ഒരു കുടക്കീഴില്‍ ചേര്‍ത്തു നിര്‍ത്തി സി.എം.ഐ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.
വനിതാ, യുവജന വിദ്യാര്‍ത്ഥി കൂട്ടായ്മകളും, കർഷകർ, തൊഴില്‍ അന്വേഷകര്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, പ്രവാസികള്‍,
സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബാരോഗ്യപ്രവര്‍ത്തകര്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാസ്‌കാരികപ്രവര്‍ത്തകര്‍,
അധ്യാപകർ, അഭിഭാഷകര്‍, മനഃശാസ്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഗ്രൂപ്പുകളും സംഘടിപ്പിച്ച് സജീവപ്രവര്‍ത്തനം
ഫലപ്രദമാക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്.
എല്ലാ ക്രിസ്തീയ വിഭാഗങ്ങളേയും സമന്വയിപ്പിച്ച് സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ പരസ്പര ബഹുമാനവും സ്‌നേഹവും വിശ്വാസവും കാത്ത്
സൂക്ഷിച്ച് ക്രിസ്തു നാമത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതാണ് സി.എം.ഐയുടെ ‘വിഷന്‍’.